കനത്ത മഴയും കാറ്റും; തെങ്ങ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു
Tuesday, May 28, 2024 11:01 PM IST
മാവേലിക്കര: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കൈ കഴുകാൻ വീടിന്റെ പിന്നിലേക്ക് ഇറങ്ങിയപ്പോൾ വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞ് അരവിന്ദിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ അരവിന്ദ് മരിച്ചു. മൃതദേഹം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സഹോദരി: ഐശ്വര്യ.