എം. ലീലാവതിയുടെ വീട്ടിൽ വെള്ളം കയറി; പുസ്തകങ്ങൾ നശിച്ചു
Tuesday, May 28, 2024 5:00 PM IST
കൊച്ചി: കനത്ത മഴയെ തുടർന്ന് പ്രശസ്ത എഴുത്തുകാരി എം. ലീലാവതിയുടെ വീട്ടിൽ വെള്ളം കയറി പുസ്തകങ്ങൾക്ക് നാശനഷ്ടമുണ്ടായി. ലീലാവതിയുടെ തൃക്കാക്കര പൈപ്പ് ലൈന് റോഡിലുള്ള വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറുകയായിരുന്നു.
ലീലാവതി ഈ സമയം വീട്ടിലുണ്ടായിരുന്നു. മഴ കനത്തതോടെ ലീലാവതി സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടിലേക്ക് മാറി. താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങൾ വീടിന്റെ മുകൾ നിലയിലേക്കും മാറ്റിയിട്ടുണ്ട്.
വെള്ളം അകത്തു കയറി 15 മിനിറ്റിനുള്ളിൽ വീടിനകം നിറഞ്ഞെന്ന് ലീലാവതിയുടെ മകൻ വിനയകുമാർ പറയുന്നു. ഒരു ഷെൽഫിലെ പുസ്തകങ്ങൾ മുഴുവൻ നനഞ്ഞു. വെള്ളം കയറിയതിനു ശേഷം ഞങ്ങൾ അകത്തേക്ക് കയറിയിട്ടില്ല. വെള്ളമൊക്കെ ഇറങ്ങിയതിനു ശേഷം നോക്കിയാൽ മാത്രമേ എത്രത്തോളം പുസ്തകങ്ങൾ നനഞ്ഞിട്ടുണ്ട് എന്നറിയാൻ സാധിക്കൂ. പുസ്തകങ്ങളിൽ വെള്ളം കയറിയതിൽ അമ്മയ്ക്ക് സ്വാഭാവികമായും വിഷമമുണ്ടെന്നും വിനയകുമാർ പറഞ്ഞു.
മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം പൂർണമായി വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. രണ്ടടി വരെ നേരത്തെ വെള്ളമുണ്ടായിരുന്നു. ഇപ്പോൾ ഒരടി വെള്ളമെങ്കിലും ഉള്ളിലുണ്ട്. പതിയെ വെള്ളം ഇറങ്ങുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.