മാഹി ബൈപാസിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു
Tuesday, May 28, 2024 4:27 PM IST
മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. കാർ ഓടിച്ചിരുന്ന ശിവപ്രസാദാണ് (39) മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിക്കും രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ 3.30-നായിരുന്നു സംഭവം. കാസർഗോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. പിന്നിൽ ഇതേ ദിശയിൽനിന്നു വന്ന കാറാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ലോറി അല്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കർണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്.
യുവതിക്ക് കാലിനാണ് പരിക്ക്. യുവതി മുന്നിലും പെൺകുട്ടികൾ പിന്നിലുമാണ് ഇരുന്നിരുന്നത്. തലശേരി അഗ്നിരക്ഷാസേനയും തലശേരി പോലീസുമാണ് ആദ്യം അപകട സ്ഥലത്തെത്തിയത്. അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഡ്രൈവർ സംഭവ സ്ഥലത്ത് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.