ആവശ്യത്തിന് പണി ഇവിടെയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; രാജ്യസഭാ സ്ഥാനാര്‍ഥി പുതുമുഖമെന്ന് തങ്ങള്‍
Tuesday, May 28, 2024 3:10 PM IST
കോഴിക്കോട്: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ ആവശ്യത്തിന് പണി ഇവിടെയുണ്ട്. നിലവിലുള്ള ചുമതലകളില്‍ വ്യാപൃതനാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന കാര്യം സാദിഖലി തങ്ങളുമായി സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭ സംബന്ധിച്ച ചര്‍ച്ചകള്‍ ലീഗില്‍ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധി റായബറേലിയില്‍ ജയിച്ചാല്‍ വയനാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ല. അക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, ഇത്തവണ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്ന് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥി എന്ന നിലയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, രാജ്യസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇത്തവണ ഇന്ത്യാ സഖ്യം വരികയാണെങ്കിൽ മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ.