യുപിയിൽ സമാജ്വാദി പാർട്ടി എംഎൽഎ അറസ്റ്റിൽ
Tuesday, May 28, 2024 2:42 AM IST
ലക്നോ: 1995ലെ കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും അലഹബാദ് ഹൈക്കോടതിയിൽ ഹാജരാകാതിരുന്നതിന് സമാജ്വാദി പാർട്ടി എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റിൽ നിന്നുള്ള എംഎൽഎ റഫീഖ് അൻസാരിയെ ആണ് അറസ്റ്റ് ചെയ്തത്.
റഫീഖ് അൻസാരിയെ ബരാബങ്കി ജില്ലയിലെ സെയ്ദ്പൂർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും എംപി/എംഎൽഎ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റഫീഖ് അൻസാരി ഒളിവിലായിരുന്നുവെന്നും ഇയാളെ കണ്ടെത്താൻ പരിശോധന നടത്തി വരികയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇയാൾക്കെതിരെ ഹൈക്കോടതിയിൽ നിന്ന് നിരവധി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇയാൾ കോടതിയിൽ ഹാജരായില്ലെന്നും എസ്പി വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 427 പ്രകാരമാണ് റഫീഖ് അൻസാരിക്കെതിരെ 1995-ൽ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കിയെന്നും അറസ്റ്റിലായ എംഎൽഎയ്ക്കെതിരെ ആരോപണമുണ്ട്.
റഫീഖ് അൻസാരിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
രാത്രി ഒമ്പതോടെ കനത്ത സുരക്ഷയിലാണ് റഫീഖ് അൻസാരിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നദീം അൻവറിന്റെ എംപി/എംഎൽഎ കോടതിയിൽ ഹാജരാക്കിയതെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
1997 നും 2015 നും ഇടയിൽ നൂറോളം ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടും വിചാരണ കോടതിയിൽ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി റഫീഖ് അൻസാരിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഈ മാസം ആദ്യം ഹൈക്കോടതി വിസമ്മതിച്ചിരുന്നു.