ഷിബു സോറന്റെ മകൾ അൻജനി വീണ്ടും മയൂർഭഞ്ചിൽ
Monday, May 27, 2024 4:32 AM IST
റാഞ്ചി: ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെ മകൾ അൻജനി സോറൻ ഒഡീഷയിലെ മയുർഭഞ്ചിൽ വീണ്ടും മത്സരിക്കുന്നു. 2019ലും ഇതേ മണ്ഡലത്തിൽ അൻജനി മത്സരിച്ചെങ്കിലും കിട്ടിയതു മൂന്നാം സ്ഥാനമാണ്.
ബിജെപിയിലെ നബ ചരണ്‍ മാജി, ബിജെഡിയിലെ സുദം മറാൻഡി എന്നിവരാണ് മയുർഭഞ്ചിലെ മറ്റു സ്ഥാനാർഥികൾ. ഇവിടെ കോണ്‍ഗ്രസിന്റെ പിന്തുണ ജെഎംഎമ്മിനാണ്. കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ബിശ്വേശ്വർ ടുഡുവിനെ മാറ്റിയാണ് നബ ചരണ്‍ മാജിയെ ബിജെപി സ്ഥാനാർഥിയാക്കിയത്.
2004ൽ ജെഎംഎമ്മിലെ സുഡം മാറൻഡി വിജയിച്ച മണ്ഡലമാണിത്. 2009ൽ മറാൻഡി രണ്ടാം സ്ഥാനത്തായി. 2014ൽ ബിജെഡിയിൽ ചേർന്ന സുദം മറാൻഡി ഒഡീഷ റവന്യു മന്ത്രിയാണ്. ഇദ്ദേഹമാണ് ഇത്തവണ മയുർഭഞ്ചിലെ ബിജെഡി സ്ഥാനാർഥി. ജെഎംഎം ഒഡീഷ ഘടകം പ്രസിഡന്റാണ് അൻജനി.
മയുർഭഞ്ച് ജില്ലയിലെ ഘടേദേഗയിലാണ് താമസിക്കുന്ന അൻജനി പരേതനായ ദേബനന്ദ മറാൻഡിയുടെ ഭാര്യയാണ്. ഒഡീഷയിലെ സുന്ദർഗഡ്, മയുർഭഞ്ച് ജില്ലകളിൽ ജെഎംഎമ്മിനു സ്വാധീനമുണ്ട്. ജാർഖണ്ഡിനോടു ചേർന്ന ജില്ലകളാണിവ. ലോക്സഭാ മണ്ഡലത്തിനു കീഴിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചതു ബിജെപിയാണ്. രണ്ടിടത്ത് ബിജെഡി വിജയിച്ചു.
ഷിബു സോറന്റെ രണ്ടു മരുമക്കൾ ഇത്തവണ ജാർഖണ്ഡിൽ മത്സരിക്കുന്നു. മൂത്ത മകൻ, അന്തരിച്ച ദുർഗ സോറന്റെ ഭാര്യ സീത സോറൻ ദുംകയിൽ ബിജെപി സ്ഥാനാർഥിയാണ്. ഏഴു തവണ ഷിബു സോറൻ പ്രതിനിധീകരിച്ച മണ്ഡലമാണ് ദുംക. ഷിബു സോറന്റെ രണ്ടാമത്തെ മകനും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ ഭാര്യ കല്പന ഗാണ്ടെയ് നിയമസഭാ മണ്ഡലത്തിലെ ജെഎംഎം സ്ഥാനാർഥിയാണ്.