പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ ഡിഎന്‍എ പരിശോധിക്കും
Sunday, May 26, 2024 9:56 AM IST
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഡിഎന്‍എ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതിനായി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.
കുടക് സ്വദേശിയായ പി.എ.സലീമാണ് കേസില്‍ അറസ്റ്റിലായത്. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. ഇയാളുടെ രക്തവും മുടിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
മേയ് 15നാണ് പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ പുലർച്ചെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി.
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും ഇയാൾ മൊഴി നൽകി.
ഇയാള്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ നേരത്തേയും പ്രതിയായിട്ടുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.