സംഘർഷ സാധ്യത; ജൂൺ നാലിന് നാദാപുരത്ത് ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം
Friday, May 24, 2024 8:36 PM IST
കോഴിക്കോട്: സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ ദിവസം നാദാപുരം നിയമസഭാ മണ്ഡലത്തിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.
ഡിവൈഎസ്പി ഓഫീസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ പ്രദേശത്ത് സമാധാനം നിലനിർത്താൻ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഡിജെ മ്യൂസിക്, ബൈക്കുകള്‍, തുറന്ന വാഹനങ്ങള്‍ എന്നിവ ആഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാന്‍ പാടില്ല. പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷണികൾ ഉപയോഗിക്കരുത്. ആഘോഷ പ്രകടനങ്ങളിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യമുണ്ടാകണമെന്നും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
ഫലപ്രഖ്യാപന ദിവസം വൈകിട്ട് ആറിന് മുന്‍പായി ആഹ്ലാദ പ്രകടനങ്ങള്‍ അവസാനിപ്പിക്കാനാണ് ധാരണ. അതേസമയം ദേശീയ തലത്തില്‍ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദപ്രകടനം തൊട്ടടുത്ത ദിവസത്തേക്കാണ് ക്രമീകരിച്ചിരിക്കുന്നത്.