ദേശീയപാതയിൽ കുഴിയും വെള്ളക്കെട്ടും; സർവീസ് നിർത്തിവയ്ക്കാനൊരുങ്ങി ആലപ്പുഴയിലെ സ്വകാര്യബസുകൾ
Friday, May 24, 2024 8:06 PM IST
ആലപ്പുഴ: ദേശീയപാതയിലെ കുഴിയും വെള്ളക്കെട്ടുംമൂലം സർവീസ് നിർത്തിവയ്ക്കാനൊരുങ്ങി ആലപ്പുഴയിലെ സ്വകാര്യബസുകൾ. ഇതുസംബന്ധിച്ച് അധികാരികളെ സമീപിക്കാൻ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ആലപ്പുഴ ജില്ലാ യോഗം തീരുമാനിച്ചു.
നിർമാണപ്രവൃത്തികൾ നടക്കുന്ന ദേശീയപാതയില്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയും ആലപ്പുഴ പറവൂര്‍ മുതല്‍ അമ്പലപ്പുഴ വരെയുമുള്ള ഭാഗത്താണ് കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യം യാത്ര ദുഷ്കരമാക്കുന്നതായാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.
വെള്ളം നിറഞ്ഞ വലിയ കുഴികളില്‍ വീണ് ബസുകളുടെ സ്പ്രിംഗും പ്ലേറ്റും ഒടിഞ്ഞ് ഉടമകൾക്ക് നഷ്ടമുണ്ടാകുന്നതായി പരാതിയിൽ പറയുന്നു. ദേശീയപാത പുനർനിര്‍മാണത്തിലെ കാലതാമസവും കരാറുകാരന്റെ ലാഭക്കൊതിയും സമാന്തരപാത നിര്‍മിക്കാതെയുള്ള നവീകരണവും സൃഷ്ടിച്ച യാത്രാതടസം നിരവധി വാഹനാപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
ദേശീയപാത ഇരട്ടിപ്പിക്കൽ ആരംഭിച്ചതുമുതൽ 25 ൽ അധികം പേരാണ് വിവിധ അപകടങ്ങളിലായി പ്രദേശത്ത് മരണപ്പെട്ടത്. വെള്ളക്കെട്ട് ഒഴിവാക്കി യാത്ര സുഗമമാക്കുന്നതുവരെ ആലപ്പുഴയിലെ സ്വകാര്യ ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.