പുതിയ അധ്യയന വര്‍ഷം; സ്കൂളും പരിസരവും ലഹരി മുക്തമാക്കാൻ എക്സൈസ്
സീമ മോഹന്‍ലാല്‍
Friday, May 24, 2024 4:18 PM IST
കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സ്കൂളും പരിസരവും കേന്ദ്രീകരിച്ച് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി എക്സൈസ്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഇസ്പെക്ടര്മാര്ക്കും എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്കി.
എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. ഓരോ റേഞ്ചിലും വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍, ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേര് എന്നിവ ജൂണ്‍ ആറിനകം റേഞ്ച് ഓഫീസുകളില്‍നിന്ന് അതാത് സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭ്യമാക്കണം.
സര്‍ക്കിള്‍ ഓഫീസില്‍ ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള സ്കൂളുകളുടെ വിവരങ്ങള്‍ ജൂണ്‍ 10-നകം എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറണം. ലിസ്റ്റിലുള്ള സ്കൂളുകള്‍ മേയ് 30-നകം റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍/റേഞ്ചിന്റെ ചുമതല വഹിക്കുന്നവര്‍ സന്ദര്‍ശിക്കണം.
സ്കൂളുകളുടെ വിവരങ്ങള്‍ അതാത് ഡിവിഷന് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓരോ സ്കൂളിനും വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ എക്സൈസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഈ അധ്യയന വര്‍ഷത്തിലെ സ്കൂള്‍ ക്ലബുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ ഫോമില്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം.
ഓരോ റേഞ്ച് പരിധിയിലെയും പരമാവധി അധ്യാപകര്‍, രക്ഷിതാക്കള്‍, വാര്‍ഡ് അംഗം, സ്കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളുടെയും ഓട്ടോ , ടാക്സി ഡ്രൈവര്‍മാരുടെയും പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പിടിഎ മീറ്റിംഗുകള്‍ സംഘടിപ്പിക്കണം.
ആ മീറ്റിംഗുകളില്‍ വനിത ശിശുക്ഷേമ വകുപ്പ്, ജുവനൈല്‍ ജസ്റ്റീസ് വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണം.
മീറ്റിംഗുകളില്‍ കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ കണ്ടെത്താം, ലഹരിയുടെ കടന്നുവരവ് എങ്ങനെ തടയാം, സ്കൂളും പരിസരവും എങ്ങനെ ലഹരിവിമുക്തമാക്കാം, ലഹരി ഉപയോഗിക്കുന്ന കുട്ടികളെ അതില്‍ നിന്ന് എങ്ങനെ പിന്തിരിപ്പിക്കാം എന്നതിനെക്കുറിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കണം.
ഇവയെല്ലാം ജൂണ്‍ 20-നകം പൂര്‍ത്തിയാക്കണം. വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ വിവരം അറിയിക്കാനുള്ള സംവിധാനമൊരുക്കണം. ഇത്തരം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിച്ചാല്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കണം.
വിദ്യാലയ പരിസരങ്ങളും ഇടവഴികളും സ്കൂള്‍ പ്രവേശനോത്സവത്തിന് മുമ്പായി പരിശോധിക്കണം. ക്ലാസുകള്‍ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പും ക്ലാസുകള്‍ അവസാനിച്ച് അരമണിക്കൂറിനുള്ളിലും മഫ്തി, ബൈക്ക് പട്രോളിംഗ് ഏര്‍പ്പെടുത്തണം. ജൂണില്‍ എല്ലാ അധ്യയന ദിവസവും അതിനുശേഷം ആഴ്ചയില്‍ ഒരിക്കലും പരിശോധന നടത്തണം.
സ്കൂള്‍ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നതും കറങ്ങി നടക്കുന്നതുമായ യുവാക്കളെ പ്രത്യേകം നിരീക്ഷിക്കണം. റേഞ്ച് പരിധിയിലെ സ്കൂളുകളിലെ കുട്ടികളുടെ യൂണിഫോം മനസിലാക്കി വയ്ക്കണം.
സ്കൂള്‍ സമയത്ത് ഇത്തരം യൂണിഫോമില്‍ കറങ്ങി നടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ വിവരം അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് എക്സൈസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്.