ബെവ്കോ ജീവനക്കാരന് ജീവനൊടുക്കി; ഒന്‍പത് മാസമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബം
Friday, May 24, 2024 2:18 PM IST
കോഴിക്കോട്: കോഴിക്കോട്ട് ബെവ്റേജസ് കോര്പറേഷന് ജീവനക്കാരന് ജീവനൊടുക്കി. രാമനാട്ടുകര അടിവാരം സ്വദേശി കെ.ശശികുമാറാണ്(55) മരിച്ചത്. പാവമണി റോഡ് ഔട്ട്ലെറ്റില് എല്‍ഡി ക്ലാര്‍ക്കായിരുന്നു.
ഒന്‍പത് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശശികുമാര്‍ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ബോണസ് ഇനത്തില്‍ ഒരു ലക്ഷം രൂപയോളവും ശശികുമാറിന് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ ഇദ്ദേഹം സർവീസ് റൂളുകൾ പാലിച്ചിരുന്നില്ലെന്ന് ബെവ്കോ അധികൃതർ പറയുന്നു. നേരത്തെ, ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കുടുംബം എംഡിയെ കണ്ട് അഭ്യര്‍ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയില്‍ തിരിച്ചെടുത്തത്.
എന്നാല്‍ ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ശശികുമാറിനെതിരേ ഒരു പരാതി മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ശേഷം ശമ്പളവും പെന്‍ഷനും അദ്ദേഹത്തിന് ലഭിച്ചില്ല. ഇതിന് പിന്നാലെ കഴിഞ്ഞദിവസം വൈകുന്നേരം വീടിന് പുറകില്‍ ശശികുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു.