പരശുറാം എക്സ്പ്രസ് കന്യാകുമാരിവരെ നീട്ടും
എസ്.ആർ. സുധീർ കുമാർ
Friday, May 24, 2024 12:47 PM IST
കൊല്ലം: മംഗളുരു സെൻട്രൽ-നാഗർകോവിൽ ജംഗ്ഷൻ (16649/16650) പരശുറാം എക്സ്പ്രസ് ട്രെയിൻ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. 24 കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം കന്യാകുമാരി സ്റ്റേഷനിൽ ഉള്ളതുകൊണ്ടാണ് റെയിൽവേയുടെ ഈ തീരുമാനം.
നിലവിൽ പരശുറാം എകസ്പ്രസിന് 21 കോച്ചുകളാണ് ഉള്ളത്. നാഗർകോവിലിൽ 21 കോച്ചുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമേ ഉള്ളൂ. ട്രെയിൻ കന്യാകുമാരി വരെ നീട്ടിയാൽ കോച്ചുകളുടെ എണ്ണം 24 ആയി ഉയർത്താനുമാകും. മാത്രമല്ല, നിലവിലെ യാത്രാ ക്ലേശത്തിനും അമിത തിരക്കിനും ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും.
പുതിയ ടൈം ടേബിൾ പുറത്തിറങ്ങുന്ന ജൂലൈ മുതൽ സർവീസ് നീട്ടാനുള്ള തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിലവിലെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്താനും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് വിവിധ ട്രെയിനുകൾക്ക് പരീക്ഷണാർഥം അനുവദിച്ച സ്റ്റോപ്പുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. 16345/16346 ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, 12789/ 12790 കച്ച്ഗുഡെ-മംഗളുരു സെൻട്രൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് എന്നിവയുടെ നീലേശ്വരത്തെ സ്റ്റോപ്പ് തുടരും.
16348 മംഗളുരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന്റെ പരവൂർ, വർക്കല ശിവഗിരി, മാവേലിക്കര സ്റ്റോപ്പുകളും മാറ്റമില്ലാതെ തുടരും. 16343/16344 മധുര ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിന്റെ കഴക്കൂട്ടം, ഇടപ്പള്ളി സ്റ്റോപ്പുകളും നിലനിർത്തിയിട്ടുണ്ട്.
20293/20294 തിരുനെൽവേലി ജംഗ്ഷൻ-ഗാന്ധിധാം പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ ആലപ്പുഴയിലെ സ്റ്റോപ്പും തുടരും. 16791/16792 പാലക്കാട് ജംഗ്ഷൻ-തിരുനെൽവേലി ജംഗ്ഷൻ പാലരുവി എക്സ്പ്രസിന്റെ എഴുകോൺ, ആവണീശ്വരം എന്നിവിടങ്ങളിലെ സ്റ്റോപ്പും നിലനിർത്തിയിട്ടുണ്ട്.