കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു; വീടുകളിൽ വെള്ളം കയറി
Friday, May 24, 2024 12:38 PM IST
മട്ടന്നൂർ: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു വെള്ളം കുത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. കഴിഞ്ഞദിവസം അർധരാത്രി 12 ഓടെ കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം.
ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന്റെ സമ്മർദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്റർ ലോക്ക് അടക്കം നശിച്ചു.
വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി. സമീപത്തെ കെ.സുമേഷിന്റെ വീട്ടിലും വെള്ളം കയറി. റോഡരികിലെ ബിജുവിന്റെ ബൈക്ക് വർക്ക് ഷോപ്പിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒഴുകിപ്പോവുകയും പിൻഭാഗത്തെ ചുറ്റു മതിൽ തകരുകയും ചെയ്തു.
വർഷങ്ങൾക്കുമുമ്പും ഇതേ സ്ഥലത്ത് ചുറ്റുമതിൽ തകർന്നതിനാൽ സമീപത്തെ വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, കൗൺസിലർ നിഷ, കിയാൽ അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വീടുകളിൽ കയറിയ ചെളി നീക്കം ചെയ്തു.