റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു; നഷ്ടപരിഹാരം കരാറുകാരിൽ നിന്ന് ഈടാക്കും
Thursday, May 23, 2024 6:48 PM IST
കോഴിക്കോട്: കൊടല് നടക്കാവ് ചിറക്കല്‍ ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കരാറുകാരുടെ ഉത്തരവാദിത്വത്തില്‍ പരിഹരിക്കും. ദേശീയപാത 66ന്റെ ഭാഗമായി ചിറക്കല്‍ ഭാഗത്ത് കഴിഞ്ഞ ദിവസം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
ദേശീയപാത നവീകരിക്കുന്നതിന്റെ ഭാഗമായി ഉയരത്തില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയും സ്ലാബുകളും ഇടിഞ്ഞു രണ്ട് വീടുകളും ക്ഷേത്രത്തിനും അങ്കണവാടിക്കും നാശനഷ്ടം ഉണ്ടായിരുന്നു. തുടർന്ന് പി.ടി.എ.റഹീം എംഎൽഎയുടെ നേതൃത്വത്തിൽ എന്‍എച്ച്എഐ ഉദ്യോഗസ്ഥരും കരാറുകാരുമായി ചർച്ച നടത്തിയിരുന്നു.
തകര്‍ന്നുപോയ രണ്ട് വീടുകളും പുനര്‍നിര്‍മിച്ച് നല്‍കാനും താമസക്കാരെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനും ക്ഷേത്രം, കിണര്‍ തുടങ്ങിയവ നന്നാക്കുന്നതിനും കരാറുകാര്‍ സ്വന്തം നിലയില്‍ നടപടി സ്വീകരിക്കുമെന്ന് പി.ടി.എ.റഹീം എംഎൽഎ പറഞ്ഞു.