കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യബസ് ഇടിച്ചുകയറി; 15 പേർക്ക് പരിക്ക്
Thursday, May 23, 2024 11:53 AM IST
തൃശൂർ: കേച്ചേരിയിൽ കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഇരുബസുകൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചു.