മഴ തോരുന്നില്ല; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത
Thursday, May 23, 2024 9:23 AM IST
തിരുവനന്തപുരം: അടുത്ത മൂന്നുമണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും (64.5 -115.5 mm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും (15.6 -64.4 mm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാം. വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യതയുണ്ട്.
കൂടാതെ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നല്കി.