ഗ്യാസ് സിലിണ്ടർ ചോർന്നു; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
Thursday, May 23, 2024 12:21 AM IST
ബംഗുളൂരു: കർണാടകയിൽ ഗ്യാസ് സിലിണ്ടർ ചോർന്നതിനെ തുടർന്ന് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. യരഗനഹള്ളിയിലാണ് സംഭവം.
കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് കൊല്ലപ്പെട്ടത്. വാതകം ശ്വസിച്ചതിനെ തുടർന്നാണ് ഇവരുടെ മരണം സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
അടുത്തിടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചിക്കമംഗളൂരുവിൽ എത്തിയ ഇവർ ഞായറാഴ്ച വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ അയൽവാസികൾ കണ്ടിരുന്നില്ല.
ബന്ധുക്കൾ വിളിച്ച ഫോൺ കോളുകളോട് വീട്ടുകാർ പ്രതികരിക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ അവർ മൈസൂരുവിലുള്ള പരിചയക്കാരോട് ഇവരെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
ഇവർ കുമാരസ്വാമിയുടെ വീട്ടിൽ ചെന്നപ്പോൾ വീടിന്റെ വാതിൽ അകത്ത് നിന്ന് അടഞ്ഞ നിലയിലായിരുന്നു. ഇവർ വീടിന്റെ ജനൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് മുറിക്കുള്ളിൽ മൃതദേഹങ്ങൾ കിടക്കുന്നതായി കണ്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.