മഴ മുന്നൊരുക്കം; കളക്ട്രേറ്റുകളിൽ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകൾ തുടങ്ങിയെന്ന് മന്ത്രി രാജന്
Monday, May 20, 2024 12:42 PM IST
തിരുവനന്തപുരം: മഴ തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ തുടങ്ങിയെന്ന് മന്ത്രി കെ.രാജന്.
എന്‍ഡിആര്‍എഫിന്റെ രണ്ട് ടീം തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രളയസാധ്യതാ പ്രവചനമില്ല. മേയ് 22 വരെയാണ് മഴ പ്രവചിച്ചിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണത്തിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഇന്നും ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ബുധാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും പിന്നീടത് അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്. കടലില്‍ മോശംകാലാവസ്ഥ തുടരുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്.
കാലവര്‍ഷം കഴിഞ്ഞദിവസം ആന്‍ഡമാനില്‍ പ്രവേശിച്ചു. സാധാരണയിലും മൂന്ന് ദിവസം മുന്‍പാണ് കാലവര്‍ഷം എത്തിയത്. കാലവര്‍ഷം ഈ മാസം 31ന് കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.