ഗോത്ര തലവന്‍ മെഷീന് ഗണ്ണും ലാന്‍ഡ് റോവർ കാറും നല്കാന് 38 ലക്ഷം; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ
Sunday, May 19, 2024 8:18 PM IST
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ഗോത്ര തലവന്‍ മെഷീന് ഗണ്ണും ലാന്‍ഡ് റോവർ കാറും നല്കാന് 38 ലക്ഷം രൂപ ആവശ്യപ്പെട്ടത് കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു.
നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരിയും സംഘവും യെമനിലെത്തിയിട്ട് ഒരുമാസമായി. എന്നാല്‍ ഇതുവരെ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ഗോത്ര തലവനെയോ കുടുംബത്തെയോ കാണാനോ ചര്‍ച്ച നടത്താനോ കഴിഞ്ഞിട്ടില്ല.
പ്രാരംഭ ചര്‍ച്ച നടത്താന്‍ 38 ലക്ഷം രൂപ വേണമെന്നാണ് പ്രേമകുമാരിക്കൊപ്പമുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോം അറിയിച്ചത്. ചർച്ചയ്ക്കായി പോകുമ്പോൾ മെഷീന് ഗണ്ണും ലാന്‍ഡ് റോവര്‍ കാറും നല്‍കുന്നതിനായാണ് 38 ലക്ഷം രൂപ.
മെഷീന് ഗണ്ണും ലാന്‍ഡ് റോവറും ഗോത്രതലവന് നല്‍കണമെന്ന ആവശ്യം കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള ധനസമാഹരണമെന്ന് ഒരു വിഭാഗം ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.
എന്നാൽ ഇത് നൽകിയാലും നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ ആളുകളിൽനിന്ന് പണം സമാഹരിച്ച് ഇതിനായി നൽകാനാവില്ലെന്നാണ് ഒരു വിഭാഗം ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ നിലപാട്.
എന്നാൽ നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ആണ് ആക്ഷന്‍ കൗണ്‍സിലിലെ ഒരുവിഭാഗം വ്യക്തമാക്കുന്നത്.