പ്രതിക്കുവേണ്ടി ഇപ്പോൾ അവർ തെരുവിൽ; സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു: സ്വാതി മലിവാള്‍
Sunday, May 19, 2024 3:50 PM IST
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് എഎപി എംപി സ്വാതി മലിവാള്‍.
സ്വാതിയെ മർദിച്ച കേസിൽ അരവിന്ദ് കേജരിവാളിന്റെ പഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപി മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് പരോക്ഷ വിമര്‍ശനവുമായി എംപി രംഗത്തെത്തിയത്.
"മനീഷ് സിസോദിയയുടെ ജയില്‍ മോചനത്തിനായി പാര്‍ട്ടി കഠിനമായി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോവുകയാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍, എനിക്ക് ഇത്ര മോശമായ ഒന്നും സംഭവിക്കില്ലായിരുന്നു.'- സ്വാതി മലിവാള്‍ എക്സിൽ കുറിച്ചു.
നിര്‍ഭയക്ക് നീതി ലഭിക്കാന്‍ തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷിക്കാന്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ തെരുവിലിറങ്ങിയിരിക്കുകയാണെന്നും സ്വാതി കൂട്ടിച്ചേർത്തു.