രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
Sunday, May 19, 2024 3:05 PM IST
കോഴിക്കോട്: മെഡിക്കൽ കോളജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം. ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് നടത്തിയിട്ടുള്ളതെന്ന് ഡോ. ജേക്കബ് മാത്യു അറിയിച്ചു.
രോഗിക്ക് കൈമുട്ടിന് താഴെ ഒടിവുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. പിന്നീട് ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു.
താൽക്കാലികമായാണ് ഈ കമ്പി ഇട്ടിട്ടുള്ളത്. മറിച്ച് കമ്പി മാറി ഇട്ടതല്ല. ശസ്ത്രക്രിയ തികച്ചും വിജയകരമാണ്. മറ്റ് രോഗികൾക്ക് ചെയ്യുന്നത് തന്നെയാണ് ഇവിടെയും ചെയ്തിട്ടുള്ളത്.
വസ്തുതകൾ അറിയാതെ മെഡിക്കൽ കോളജിനെ മോശമായി ചിത്രീകരിക്കരുത്. തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ ഒഴിവാക്കണം. ഈ മാസം തന്നെ ഇതേ മെഡിക്കൽ കോളജിൽ സമാനമായ ശസ്ത്രക്രിയകൾ നടത്തിയ മറ്റു രോഗികളുടെ എക്സ്റേകൾ ഇതിന് തെളിവാണെന്നും ഡോക്ടർ വ്യക്തമാക്കി.
കോതിപ്പാലം സ്വദേശി 24കാരനായ അജിത്തിനാണ് ശസ്ത്രക്രിയയില്‍ പിഴവുണ്ടായതെന്ന് പരാതി ഉയർന്നിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. മറ്റൊരു രോഗിക്ക് ഇടാന്‍ വെച്ചിരുന്ന കമ്പിയാണ് അജിത്തിന്റെ കൈയിലിട്ടത്.
ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു. സംഭവത്തിൽ കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്തേഷ്യ നല്കി. 3000 രൂപയുടെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.