ലോക്സഭാ തെരഞ്ഞടുപ്പ് ; പിടിച്ചെടുത്തത് 849 കോടി രൂപ
Saturday, May 18, 2024 11:30 PM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനയിൽ 8889 കോടിയുടെ സാധനങ്ങളും പണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാരെ സ്വാധീക്കാന്‍ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി 849 കോടി രൂപ പിടിച്ചെടുത്തു. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. 1461 കോടിയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് നിന്നും മാത്രം പിടികൂടിയത്. 114 കോടി രൂപ തെലങ്കാനയില്‍ നിന്നും പിടിച്ചെടുത്തു.
കര്‍ണാടകയില്‍ നിന്നും 92.55 കോടിയും ഡല്‍ഹിയില്‍ നിന്നും 90.79 കോടിയും ആന്ധ്രപ്രദേശില്‍ നിന്നും 85.32 കോടി രൂപയുമാണ് പിടിച്ചെടുത്തത്. 3958 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മാർച്ച് ഒന്നു മുതല്‍ ഇന്നുവരെയുള്ള കണക്കാണ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ നിന്ന് 97.62 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്.