താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
Saturday, May 18, 2024 11:47 AM IST
കൊല്ലം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്‍ഡിഎഫ് പ്രതിനിധിയായി ഇടപെട്ടെന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്. താന്‍ എവിടെയും ഇടനിലക്കാരനായി പോയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇതിന് തന്നെ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിട്ടുമില്ല. സോളാര്‍ സമരം അവസാനിക്കുന്നു എന്ന് താന്‍ അറിയുന്നത് തന്നെ സെക്രട്ടറിയേറ്റ് നടയില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ്.
തുടര്‍ന്ന് ആര്‍എസ്പി നേതൃത്വത്തില്‍നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം എകെജി സെന്ററിലെത്തി. പത്രസമ്മേളനം വിളിച്ച് സോളാർ കേസിൽ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെന്നും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം സമരത്തിന്റെ കാര്യം തീരുമാനിക്കാമെന്നുമായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്.
ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം നടന്ന ചര്‍ച്ചകളില്‍ പൊതുസമവായത്തിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാമെന്ന തീരുമാനം ഔപചാരികമായി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.