പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
Friday, May 17, 2024 1:22 PM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ ചോദ്യംചെയ്യാനായി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
രാഹുൽ ബംഗളൂരു വഴി ജർമനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. നവവധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്റെ വീട്ടിലുണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളുടെ വാട്സാപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചിരുന്നു.
ഇതിനിടെ, ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ, സഹോദരി എന്നിവര്‍ക്ക് പോലീസ് നോട്ടീസ് നല്കി. ഇന്നു തന്നെ ഹാജരായി മൊഴി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.
രാഹുലിന്റെ പന്തീരാങ്കാവ് വള്ളിക്കുന്നിലെ വീട് അടഞ്ഞുകിടക്കുകയാണ്. അയല്‍വാസികളില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.