ശോഭ സുരേന്ദ്രനും കെ.സുധാകരനുമെതിരേ കേസെടുക്കണം; ടി.ജി.നന്ദകുമാര്‍ ഹൈക്കോടതിയില്‍
Friday, May 17, 2024 11:52 AM IST
തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് അനാവശ്യ വിവാദമാക്കിയെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ടി.ജി.നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
തന്നെയും ഇ.പിയെയും അപമാനിക്കാന്‍ കെപിസിസി പ്രഡിഡന്റ് കെ.സുധാകരനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഗൂഢാലോചന നടത്തിയെന്നും ഇവര്‍ക്കെതിരേ കേസെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ തനിക്കെതിരേ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി.ജയരാജന് ഡിജിപിക്ക് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുത്ത് അന്വേഷണം വേണോയെന്ന് തീരുമാനിക്കുക.