ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
Thursday, May 16, 2024 7:06 PM IST
ബംഗളൂരു: ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളന്പിയെന്ന പരാതിയിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരേ പോലീസ് കേസെടുത്തു.
കാന്റീൻ മാനേജർക്കെതിരേയും കേസുണ്ട്.
കഴിഞ്ഞ 12ന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്നാണ് ആരോപണം.
മത്സരം കാണാനെത്തിയ 23 കാരനായ ചൈതന്യയാണ് പരാതി നൽകിയത്. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ കാന്റീനിൽനിന്നു ചൈതന്യ ഭക്ഷണം കഴിച്ചിരുന്നു. നെയ്ചോറ്, ഇഡ്ഡലി, ചന്ന മസാല, കട് ലറ്റ്, റൈത്ത, ഉണങ്ങിയ ജാമൂൺ എന്നിവയാണു സുഹൃത്തിനൊപ്പം കഴിച്ചത്.
ഭക്ഷണം കഴിച്ച് അൽപസമയത്തിനകം വയറുവേദനയുണ്ടായി കുഴഞ്ഞു വീണെന്നു ചൈതന്യയുടെ പരാതിയിൽ പറയുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിൽ ചൈതന്യയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു.