മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
Thursday, May 16, 2024 6:11 AM IST
കൊച്ചി: മുനിസിപ്പല്‍ സര്‍വീസില്‍ ജീവനക്കാരനായിരിക്കെ മരിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള പെന്ഷന് ആനുകൂല്യങ്ങള്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും അവകാശികള്‍ക്ക് അനുവദിക്കാത്തതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷന്.
ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പരാതിക്കാരിക്ക് പലിശസഹിതം ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. അന്തരിച്ച ജീവനക്കാരന് വി.കെ. സുബ്രന്റെ ഭാര്യ അയ്യമ്പിള്ളി സ്വദേശി പി.സി. സുധര്‍മ്മ സമര്‍പ്പിച്ച പരാതിയിലാണു നടപടി.
ചാലക്കുടി നഗരസഭാ സെക്രട്ടറിയില്‍നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. ചാലക്കുടി നഗരസഭയില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ജീവനക്കാരന് മരിച്ചത്. പരാതിക്കാരിക്ക് മിനിമം പെന്ഷന് അനുവദിച്ചെന്നും ആശ്രിതനിയമനം നല്‍കിയെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
ജീവനക്കാരനുമായി ബന്ധപ്പെട്ട സര്‍വീസ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാണെന്നും പഴക്കം ചെന്ന രേഖകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരന്റെ സര്‍വീസ് ബുക്ക് ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ സര്‍വീസ് സംബന്ധമായ കാര്യങ്ങളില്‍ ഓഡിറ്റ് ചൂണ്ടിക്കാണിച്ച തടസവാദങ്ങളില്‍ കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ യഥാസമയം പരാതി പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഓഡിറ്റ് ക്വറി പരിഹരിക്കാന്‍ പത്തു വര്‍ഷത്തെ കാലതാമസം ഉണ്ടായതായും പരാതിക്കാരി അറിയിച്ചു.
സര്‍വീസില്‍നിന്നു വിരമിക്കുന്ന ജീവനക്കാര്‍ക്ക് യഥാസമയം സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നിരവധി കോടതി ഉത്തരവുകള്‍ ഉള്ളതായി കമ്മീഷന് ചൂണ്ടിക്കാണിച്ചു. പരാതിക്കാരി അനുഭവിച്ച മനുഷ്യാവകാശ ലംഘനത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി നേരിടേണ്ടിവരുമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പരാതിക്കാരിക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ 15 ദിവസത്തിനകം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് ചാലക്കുടി നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്കി.