ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
Tuesday, May 14, 2024 7:41 PM IST
തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്പോൾ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി മോട്ടോർവാഹന വകുപ്പ്. മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷവിശ്വാസവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
വസ്ത്രധാരണപിശകുകളും ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീഗാർഡ്. സാരി ഗാർഡ്, മഡ് ഗാർഡ്,എക്സ്ഹോസ്റ്റ് ഹീറ്റ് ഡാർഡ്, ഹാൻഡ് ഗാർഡ് തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരന്റെ ബോഡി ഗാർഡ് ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ സാങ്കേതിക, ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം വസ്ത്രധാരണമെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.
വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല'- കേരള മോട്ടോർ വാഹനവകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു.