വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Tuesday, May 14, 2024 5:20 PM IST
ന്യൂഡൽഹി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കുകയായിരുന്നു. ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് എസ്.സി. ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ വിവിധ വിഭാഗങ്ങൾക്കടിയിൽ ശത്രുത സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പ്രസ്താവനകൾ നരേന്ദ്രമോദി നടത്തിയെന്ന് ആരോപിച്ച് ഫാത്തിമ എന്ന വ്യക്തിയാണ് ഹർജി നൽകിയത്.
മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നായിരുന്നു ഹർജിയിലെ ആരോപണം.
ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതാണ് ഹര്‍ജി തള്ളാന്‍ കാരണമായി കോടതി പറഞ്ഞത്. ബന്ധപ്പെട്ട അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു.