വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
Tuesday, May 14, 2024 12:50 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ എൻഡിഎയിലെ പ്രമുഖ നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഗംഗാതീരത്തുള്ള ദശാശ്വമേധ് ഘട്ടില്‍ പ്രധാനമന്ത്രി പ്രാര്‍ഥന നടത്തിയിരുന്നു. അവിടെ നിന്ന് ബോട്ടില്‍ നമോഘട്ടില്‍ എത്തി. തുടര്‍ന്ന് കാലഭൈരവ ക്ഷേത്രത്തില്‍ എത്തി പ്രാർഥന നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം അദ്ദേഹം വാരാണസിയിലെ രുദ്രാക്ഷ കണ്വന്ഷന് സെന്ററില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കും. പത്രിക സമർപ്പണത്തിന് മുന്നോടിയായി മോദി ഇന്നലെ വാരാണസിയിൽ റോഡ് ഷോ നടത്തിയിരുന്നു.
തുടർച്ചയായി മൂന്നാം തവണയാണു മോദി വാരാണസിയിൽ ജനവിധി തേടുന്നത്. ഇത്തവണ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് മോദിയുടെ എതിരാളി. അവസാനഘട്ടമായ ജൂൺ ഒന്നിനാണു വാരാണസിയിൽ വോട്ടെടുപ്പ്. ജൂൺ നാലിനു രാജ്യമാകെ വോട്ടെണ്ണും.