സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Tuesday, May 14, 2024 10:25 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. റാഗിംഗ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ജാമ്യാപേക്ഷയില്‍ സിബിഐ ഇന്നു നിലപാട് അറിയിക്കും. പ്രതികളുടെ അഭിഭാഷകര്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കിയോ എന്ന കാര്യത്തിലും സിബിഐ മറുപടി നല്‍കും.
അതേസമയം, കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഷീബ നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം.
സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലൂടെ സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളുടെ പങ്കു വ്യക്തമാണ്. റാഗിംഗ് അടക്കം അതിക്രൂരമായ ആക്രമണമാണ് മകന് നേരിടേണ്ടിവന്നത്. വൈദ്യസഹായം നല്കാന് പോലും പ്രതികള്‍ തയാറായില്ല. മരണകാരണം പൂര്‍ണമായും ഇപ്പോഴും വ്യക്തമായിട്ടില്ല. അതു കണ്ടെത്തേണ്ടതുണ്ട്. തുടരന്വേഷണം വേണ്ടതുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ടിലൂടെ വ്യക്തമാണെന്നും അമ്മയുടെ ഹര്‍ജിയില്‍ പറയുന്നു.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂരറാഗിംഗിനെ തുടര്‍ന്നാണ് സിദ്ധാർഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാർഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.