പ്രശസ്ത സിനിമ - നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു
Tuesday, May 14, 2024 9:00 AM IST
കട്ടപ്പന: പ്രശസ്ത സിനിമ - നാടക നടൻ എം.സി. ചാക്കോ (75) അന്തരിച്ചു. എം.സി കട്ടപ്പന എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ട എം.സി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു. ഭാര്യ: സാറാമ്മ. മക്കൾ: ഷീജ, ബോബൻ.
1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ 'പുണ്യതീര്‍ത്ഥംതേടി' എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു.
സർക്കാർ സർവീസിനിടയിലാണ് അഭിനയവും എം.സി ഒന്നിച്ചുകൊണ്ടുപോയത്. 2007-ല്‍ കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്നമണ്ണ്' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.
2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചു. പകൽ, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.