മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
Tuesday, May 14, 2024 2:53 AM IST
ജയ്പുർ: രാജസ്ഥാനിൽ മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്ന് മൃതദേഹങ്ങൾ വാട്ടർടാങ്കിൽ ഒളിപ്പിച്ചയാൾ അറസ്റ്റിൽ. ജയ്പൂരിലെ സംഗനേർ പ്രദേശത്താണ് സംഭവം നടന്നത്.
55 കാരിയായ പ്രേം ദേവിയും ഏഴു വയസുകാരനായ കൊച്ചുമകൻ ഗൗരവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനോജ് ബൈർവ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വാക്കുതർക്കത്തിനൊടുവിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മനോജ് പ്രേം ദേവിയെ കൊന്നത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കൊച്ചുമകനെയും ഇയാൾ ആക്രമിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൊലപാതകം ചെയ്യാനുള്ള കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.