പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി അബ്ദുറഹിമാൻ
Sunday, May 12, 2024 8:33 PM IST
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽനിന്ന് റെയിൽവേ പിന്മാറണമെന്നാവശ്യപ്പെട്ടു മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.
കേന്ദ്രം കേരളത്തോടു തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കൽ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലാണ് പാലക്കാട് ഡിവിഷൻ. ഒരു പോരായ്മകളൊന്നും ഇല്ലാതിരുന്നിട്ടും ഡിവിഷൻ നിർത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്.
യുപിഎ സർക്കാർ കാലത്ത് പാലക്കാട് ഡിവിഷൻ മുറിച്ചാണ് സേലം ഡിവിഷൻ തുടങ്ങിയത്. പിന്നീട് പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താൻ നീക്കമുണ്ടായി. പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാൻ കേന്ദ്രം ശ്രമം നടത്തി.
കേന്ദ്ര അവഗണനയ്ക്കെതിരേ ചെറുവിരലനക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞിട്ടില്ല. അവർ പലപ്പോഴും കേരളത്തെ ഒറ്റുകൊടുക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി പച്ചക്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ കന്പളിപ്പിക്കുന്നു. പാത ഇരട്ടിപ്പിക്കൽ, പുതിയ പാതകൾ അനുവദിക്കൽ, കൂടുതൽ പുതിയട്രെയിനുകൾ എന്നീ കാര്യങ്ങളിൽ കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും അബ്ദുറഹിമാൻ പറഞ്ഞു.