നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
Sunday, May 12, 2024 8:03 AM IST
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഒരാളെ കൂടി അറസ്റ്റു ചെയ്ത് കാനഡ. എതാനും വർഷങ്ങളായി കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ അമൻദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്. ഇതോടെ നിജ്ജാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം നാലായി.
കരണ്‍ ബ്രാർ, കമൽപ്രീത് സിംഗ്, കരണ്‍പ്രീത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായ ഇന്ത്യക്കാർ. 2023 ജൂണ്‍ 18നാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്നത്. കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ് ഒരു സംഘം നിജ്ജറിന് നേരെ ആക്രമണം നടത്തിയത്.
സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാല്‍ ഇത് ഇന്ത്യ നിഷേധിച്ചിരുന്നു. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. വിവരം. ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാംഗുകൾ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാല്‍ കൊലപാതകത്തില്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പ്രസ്താവന. സംഭവത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.