ട്രെയിൻ വഴി മയക്കുമരുന്ന് കടത്ത് കൂടുന്നു; റിസ്കില്ല, പ്രതികളുമില്ല
Saturday, May 11, 2024 8:07 PM IST
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ട്രെയിന്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് വര്‍ധിക്കുന്നു. റോഡ് മാര്‍ഗമുള്ള ലഹരി കടത്തിന് പുറമേയാണ് ട്രെയിനുകളില്‍ ചരക്കുകളായും വ്യാപകമായി കഞ്ചാവ് ഉള്‍പ്പെടെ കടത്തുന്നത്. കഞ്ചാവ് കെട്ടുകള്‍ പൊതുവേ ചെറിയ സ്റ്റേഷനുകളില്‍ ഇറക്കിയാണ് ഏജന്റുമാര്‍ കൈപ്പറ്റുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലക്കാട്, തിരൂര്‍, എന്നീ സ്റ്റേഷനുകളില്‍നിന്നായി മൂന്നുതവണ നടത്തിയ പരിശോധനയില്‍ 36 കിലോയിലധികം കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരു പ്രതിയെ പോലും പിടികൂടാനായിട്ടില്ല.
തിരൂർ എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഴിഞ്ഞ ദിവസം 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
തിരൂർ എക്സൈസ് ഇൻസ്പെക്ടർ സുധീർ കെ.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുന്നു. കഴിഞ്ഞയാഴ്ചയും തിരൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തിരുന്നു.
ആറ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് റെയിൽവേ സംരക്ഷണ സേനയും എക്സൈസ് സ്പെഷൽ സ്ക്വാഡും ചേർന്ന് അന്ന് പിടിച്ചെടുത്തത്. ആകെ 12.49 കിലോഗ്രാം കഞ്ചാവാണ് ഇങ്ങനെ റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ചിരുന്നത്. പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.
പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ നിന്നു കഴിഞ്ഞയാഴ്ച കഞ്ചാവ് കണ്ടെടുത്തിരുന്നു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചിരുന്ന ബാഗിൽ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്. റെയിൽവേ സംരക്ഷണ സേനയുടെ ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. ബാഗിന്റെ ഉടമ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം.