എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
Saturday, May 11, 2024 11:39 AM IST
കോഴിക്കോട്: പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കെപിസിസി അംഗം കെ.വി.സുബ്രഹ്മണ്യന്. തെരഞ്ഞെടുപ്പില്‍ താന്‍ യുഡിഎഫിനെതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കുറ്റങ്ങളാണ് തനിക്കെതിരേ ആരോപിക്കുന്നത്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.കെ.രാഘവനെതിരായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എളമരം കരീമിനെ തനിക്ക് പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് തീരുമാനങ്ങളെടുക്കുന്നത് മറ്റാരുടെയോ പ്രേരണയാലാണെന്നും അദ്ദേഹം വിമർശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവനെതിരായി പ്രവർത്തിച്ചെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് കെ.വി. സുബ്രഹ്മണ്യനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. സ്ഥാനാർഥിയായ എം.കെ. രാഘവൻ തന്നെ കെ.വി. സുബ്രഹ്മണ്യനെതിരേ കെപിസിസി യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വം കെപിസിസിക്ക് ശിപാർശ നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചായിരുന്നു പാർട്ടി നടപടിയെടുത്തത്.