ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
Saturday, May 11, 2024 5:49 AM IST
ന്യൂഡൽഹി: ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക്. ഇരകളായവർ അനുഭവിച്ചത് നാളെ വരുന്ന പെൺകുട്ടികൾ അനുഭവിക്കരുത്. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാക്ഷി പറഞ്ഞു.
വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എംപിയും മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ്ഭൂഷൺ സിംഗിനെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം.
സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ബ്രിജ്ഭൂഷണോടൊപ്പം മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്.
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്താൻ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലെ സിറ്റിംഗ് എംപിയാണ് ബ്രിജ് ഭൂഷൺ. മണ്ഡലത്തിൽ ബ്രിജ് ഭൂഷണ് പകരം മകൻ കരൺ ഭൂഷൺ സിംഗിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തതിനു പിന്നാലെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.