കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
Friday, May 10, 2024 5:16 PM IST
മലപ്പുറം: കാട്ടുപന്നി ആക്രമണത്തിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് വെള്ളിയാഴ്ച രാവിലെ കാട്ടുപന്നി ആക്രമണമുണ്ടായത്.
കഞ്ഞിപ്പുരയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി ആയിഷ റെന്നയെയും സഹോദരൻ ശാമിലിനെയും (16) ആണ് കാട്ടുപന്നി ആദ്യം ആക്രമിച്ചത്. തുടർന്ന് ടൗണിലെത്തിയ കാട്ടുപന്നി കവലയിൽ നിർത്തിയിട്ട ആറ് വാഹനങ്ങൾ ആക്രമിച്ചു.
എടയൂരിൽ വഴിയാത്രക്കാർക്ക് നേരെയായിരുന്നു പന്നിയുടെ ആക്രമണം. ആക്രമണത്തിൽ പ്രദേശവാസികളായ ഹരിദാസ്, ബീന, നിർമല എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രികാലങ്ങളിൽ ഈ മേഖലയിൽ പന്നി ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.