നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴ് എണ്ണം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
Thursday, May 9, 2024 4:28 PM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വൻ കുറവു വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവൻകുട്ടി.
ഇത്തവണ ഏഴു സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശം നൽകി. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.