മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
Thursday, May 9, 2024 2:31 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അതീവരഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാസ്ഥാനത്തിരിക്കുന്നവർ എന്തു ചെയ്യുന്പോഴും സുതാര്യത ഉറപ്പാക്കണം. അല്ലെങ്കിൽ അതു സംശയങ്ങൾക്ക് ഇടവരുത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആരാണു നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നൽകാത്തത് എന്തുകൊണ്ടാണ്? ചുമതല ഏൽപ്പിക്കാൻ പറ്റുന്ന തരത്തിൽ മുഖ്യമന്ത്രിക്കു വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയിൽ ഇല്ലെന്നാണോ എന്നും സതീശൻ ചോദിച്ചു.
ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. പൊള്ളുന്ന ചൂടിൽ ആളുകൾ മരിക്കുന്നു. കൃഷി നശിക്കുന്നു. വളർത്തുമൃഗങ്ങൾ തളർന്നുവീഴുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്.
ഡ്രൈവിംഗ് ടെസ്റ്റുകൾ അവതാളത്തിലായതോടെ 10 ലക്ഷത്തോളം പേരാണ് ലൈസൻസിനായി കാത്തിരിക്കുന്നത്. തീരുമാനമെടുക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമപെൻഷൻ ഏഴു മാസത്തേത് മുടങ്ങിക്കിടക്കുകയാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ അടിയന്തര തീരുമാനമെടുക്കേണ്ട സാഹചര്യത്തിൽ മന്ത്രിസഭായോഗം പോലും ചേരുന്നില്ല.
കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി വിദേശത്തു പോയി. പിബി അംഗം കൂടിയായ പിണറായി വിജയൻ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചാരണത്തിന് പോയില്ല.
ബിജെപിയെ പേടിച്ചാണോ പിണറായി പ്രചാരണത്തിന് ഇറങ്ങാതിരുന്നത്. അതിന്റെ ഭാഗമായാണോ വിദേശത്തേക്കു പോയത്? സിപിഎം ദേശീയ നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.