പ്രണയ വിവാഹത്തർക്കം: വധുവിന്റെ ബന്ധുക്കളുടെ വീട്ടിൽ "കൗണ്ടർ അറ്റാക്ക്'
Wednesday, May 8, 2024 8:20 PM IST
പെരിങ്ങോം: പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തില്‍ മാതാപിതാക്കളെ ആക്രമിച്ചതിനെതിരേ വരന്റെ പ്രത്യാക്രമണം. ഇതിനെതിരേ വധുവിന്റെ അമ്മ പേരൂലിലെ എ. സിന്ധുവിന്റെ പരാതിയില്‍ വരനായ പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ കുട്ടാപ്പി(36)ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ പരാതിക്കാരിയുടെ വീട്ടില്‍ മാരകായുധവുമായി അതിക്രമിച്ച് കയറിയ പ്രതി പരാതിക്കാരിയെ പിടിച്ച് വലിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറുകയും കൊല്ലുമെന്ന് ഭീണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടാപ്പിയുടെ മാതാപിതാക്കളെ പരാതിക്കാരിയുടെ ഭര്‍ത്താവ് ഉപദ്രവിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ ദിവസം കുട്ടാപ്പിയുടെ അമ്മ എം.വി. ലീല (63)യുടെ പരാതിയില്‍ വധുവിന്റെ പിതാവ് പേരൂലിലെ ഇട്ടമ്മല്‍ പവിത്രന് (48), പെടച്ചി വീട്ടില്‍ വിനോദ് (45) കൂടെയുണ്ടായിരുന്ന കണ്ടാലറിയുവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു.
പ്രണയത്തിലായിരുന്ന പവിത്രന്റെ മകളും ലീലയുടെ മകന് കുട്ടാപ്പിയും തമ്മില്‍ വിവാഹം കഴിച്ച വിരോധത്തില്‍ കുട്ടാപ്പിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പിതാവിനെ മർദിക്കുകയും തടയാനെത്തിയ അമ്മയുടെ തലയില്‍ വാക്കത്തികൊണ്ടു വെട്ടുകയുമായിരുന്നു.
ഈ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പിവത്രനും വിനോദും റിമാൻഡിലാണ്. പേരൂല്‍ കിഴക്കേക്കരയിലെ കുട്ടാപ്പിയും പവിത്രന്റെ മകളും മാസങ്ങൾക്കു മുന്‍പായിരുന്നു പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനുശേഷം ഇരുവരും അകലെയുള്ള വാടക വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം ഇവര്‍ വീട്ടിലെത്തിയെന്ന വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടില്‍ അക്രമം നടത്തുകയായിരുന്നു. സംഭവസമയത്ത് വധൂവരന്മാര് വീട്ടിലില്ലായിരുന്നു.