എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം; നേരിയ കുറവ്
Wednesday, May 8, 2024 3:25 PM IST
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.01 ശതമാനത്തിന്റെ മാത്രം കുറവാണുള്ളത്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.
എറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല കോട്ടയമാണ്. 99.92 ശതമാനമാണ് വിജയം. അതേസമയം, എറ്റവും കുറവ് തിരുവനന്തപുരം റവന്യൂ ജില്ലയിലാണ്. 99.08 ശതമാനം. എറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല പാലാ ആണ്. 100 ശതമാനം വിജയമാണ് ഉണ്ടായത്. അതേസമയം, ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ്. 99 ശതമാനം.
71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. 4,934 വിദ്യാർഥികൾ. കഴിഞ്ഞ വർഷവും 4,856 വിദ്യാർഥികളുമായി മലപ്പുറമായിരുന്നു മുന്നിൽ.
സംസ്ഥാനത്ത് 2,474 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 2,581 ആയിരുന്നു. 892 സർക്കാർ സ്കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി.
2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2,944 പേർ പരീക്ഷ എഴുതിയതിൽ 2,938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ വ്യാഴാഴ്ച മുതൽ ഈമാസം 15 വരെ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ ആറുവരെ നടത്തും. ജൂൺ രണ്ടാംവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷയെഴുതാം.
വൈകുന്നേരം നാലോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഫലം പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക