കനത്ത മഴ; തെലങ്കാനയിൽ നാലുപേർ മരിച്ചു
Wednesday, May 8, 2024 12:09 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ കനത്ത മഴയെയും കാറ്റിനെയും തുടർന്ന് നാലുപേർ മരിച്ചു. മേദക്കിൽ രണ്ട് പേരും വാറങ്കലിലും ഹൈദരാബാദിലും ഓരോരുത്തരുമാണ് മരിച്ചത്.
മേദക് ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് നിർമാണ തൊഴിലാളികൾ മരിച്ചു. കൗഡിപ്പള്ളി മണ്ഡലത്തിലെ റായുലാപൂർ ഗ്രാമത്തിന് സമീപമുള്ള കോഴി ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. സുബ്രഹ്മണ്യം (45), എൻ.നാഗു (35) എന്നിവരാണ് മരിച്ചത്.
വാറങ്കൽ ജില്ലയിൽ മരം വീണ് ഒരാൾ മരിച്ചു. വാർധന്നപേട്ട് മണ്ഡലത്തിലെ കത്രാലയ ഗ്രാമത്തിന് സമീപം ദേശീയപാതയിലാണ് സംഭവം. ഹൈദരാബാദിൽ ബഹദൂർപുര മേഖലയിൽ വൈദ്യുത തൂണിൽ തൊട്ടതിനെ തുടർന്ന് ഒരാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ വാഹനഗതാഗതം താറുമാറായി. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനാൽ ഗതാഗതം തടസപ്പെട്ടു.
കെട്ടിക്കിടക്കുന്ന വെള്ളവും വീണ മരങ്ങളും നീക്കം ചെയ്യുന്നതിനായി ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ്റെ (ജിഎച്ച്എംസി) എമർജൻസി ടീമുകൾ രംഗത്തിറങ്ങിയിട്ടുണ്ട്.