ഗ്രൂപ്പുകൾ ഒന്നിച്ചു; സുധാകരനെതിരേ കോൺഗ്രസിൽ പടയൊരുക്കം
എം. സുരേഷ്ബാബു
Monday, May 6, 2024 6:27 PM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു കെ. സുധാകരൻ തിരിച്ചുവരാതിരിക്കാൻ പാർട്ടിക്കുള്ളിൽ അണിയറ നീക്കമെന്നു സൂചന. ഉന്നതതല നേതാക്കൾ ഇതിനായി ചടരുവലികൾ നടത്തുന്നതായാണു റിപ്പോർട്ട്.
കണ്ണൂരിൽ മത്സരിക്കുന്നതിനായാണ് താത്കാലികമായി എം.എം. ഹസന് കെപിസിസി അധ്യക്ഷസ്ഥാനം കെ. സുധാകരൻ കൈമാറിയത്. കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനായിരുന്നു സുധാകരൻ ഉദേശിച്ചിരുന്നത്.
എന്നാൽ, സുധാകരന് ചുമതല തിരിച്ചുനൽകാനുള്ള തീരുമാനം യോഗത്തിലുണ്ടായില്ല. പകരം, എം.എം. ഹസനോടു തന്നെ തുടരാൻ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദേശിക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നു സുധാകരൻ നടത്തിയ പല നടപടികളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാർട്ടിയിലെ ഉന്നതരായ നേതാക്കൾക്കും അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു.
ആക്ടിംഗ് പ്രസിഡന്റായി ഹസൻ തുടരട്ടെയെന്ന ഹൈക്കമാൻഡിന്റെ തീരുമാനത്തിന് പിന്നിൽ കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദമാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ സുധാകരൻ സ്വീകരിക്കുന്ന കാർക്കശ്യ നിലപാട് പല നേതാക്കൾക്കും ഇഷ്ടപ്പെടുന്നില്ല.
പാർട്ടി യോഗങ്ങളിൽ പല നേതാക്കളും ഈ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് ഉടൻ ചാർജെടുക്കുമെന്ന സുധാകരന്റെ പരസ്യപ്രസ്താവനയിൽ പാർട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനുശേഷം കേരളത്തിൽ പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാമെന്ന തീരുമാനത്തിലേക്കാണ് നേതാക്കൾക്കിടയിൽ ആലോചനകളും അണിയറനീക്കങ്ങളും നടക്കുന്നതെന്നു പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് സീറ്റ് കുറയുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം സുധാകരന്റെ ചുമലിലിടാനും നീക്കമുണ്ട്. ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് സുധാകരനെ ഒതുക്കാൻ നോക്കുന്നതെന്നാണ് പാർട്ടിയിലെ സുധാകരൻ അനുകൂലികൾ അഭിപ്രായപ്പെടുന്നത്.
അതേസമയം പാർട്ടിയിലേക്ക് ന്യൂനപക്ഷങ്ങളെ കൂടുതൽ ആകർഷിക്കാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. പുതുതലമുറ നേതാക്കളെയെോ കോണ്‍ഗ്രസിലെ മുതിർന്ന പരിചയ സന്പന്നരായ നേതാക്കളെയോ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആലോചനകളും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്താൻ വേണ്ട മുന്നൊരുക്കൾ നടത്താൻ കാര്യപ്രാപ്തിയുള്ള ഒരാളിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഇപ്പോൾ പാർട്ടിയിൽ ഉയർന്ന് വരുന്ന പൊതുവികാരമത്രെ. ഘടകകക്ഷികൾക്കും ഈ നിലപാടാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സാമുദായിക സന്തുലനാവസ്ഥ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
അതേസമയം, ചുമതല തിരിച്ചുകിട്ടാത്തതിൽ സുധാകരൻ കടുത്ത അതൃപ്തിയിലാണ്. ബുധനാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടതായി സുധാകരനോട് അടുപ്പമുള്ള നേതാക്കൾ വ്യക്തമാക്കി. എന്നാൽ, അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടിയില്ലെങ്കിൽ എന്തു നിലപാടെടുക്കുമെന്ന കാര്യത്തിൽ നിലവിൽ സൂചനയില്ല.
കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻമാർ സ്ഥാനം ഒഴിഞ്ഞതിനുശേഷം തെരഞ്ഞെടുപ്പ് നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് പൂർത്തിയായതിനു ശേഷമോ വോട്ടെണ്ണൽ കഴിഞ്ഞതിനു ശേഷമോ അധ്യക്ഷ പദവികൾ തിരികെ നല്കിയാൽ മതിയെന്നാണ് എഐസിസിയുടെ നിർദേശമെന്നാണ് ഒദ്യോഗിക വിശദീകരണം.