അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
Monday, May 6, 2024 2:46 PM IST
പത്തനംതിട്ട: അടൂര്‍ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
രണ്ട് ദിവസം മുമ്പാണ് സംഭവം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ വീട്ടില്‍ എത്തിയപ്പോൾ പശുക്കിടാവ് ചത്തിരുന്നു. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തു.
ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. ഇതോടെയാണ് സമീപത്തെ വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളി ചെടി പശുവിന് തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്കിയ കാര്യം ബോധ്യമായത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന് അരളിയുടെ വിഷം ഉളളില്‍ച്ചെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ട് ചവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.