പൂക്കളും പാവയും നല്കി കുഞ്ഞ് ശവപ്പെട്ടിയില്‍ ആ ഓമനയെ യാത്രയാക്കി...
Monday, May 6, 2024 12:56 PM IST
കൊച്ചി: പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥന്മാര് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
നേരത്തെ, കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും പോലീസുകാർ മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. പിന്നീട് പൂക്കളും കളിപ്പാട്ടങ്ങളും ചേര്‍ത്തുവച്ച കുഞ്ഞുപെട്ടിയില്‍ മൃതദേഹം പനമ്പള്ളിയില്‍ എത്തിച്ചു. പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തുന്നതിന് കുഞ്ഞിന്റെ അമ്മയില്‍ നിന്നും പോലീസ് സമ്മതപത്രം വാങ്ങിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
പനമ്പിള്ളി നഗറിലെ അപ്പാര്‍ട്ട്മെന്റിന്റെ അഞ്ചാംനിലയില്‍ നിന്നാണ് 23 വയസുകാരി കുഞ്ഞിനെ വലിച്ചെറിഞ്ഞത്. യുവതി ഗര്‍ഭിണിയായിരുന്നതും പ്രസവിച്ചതും മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. നിലവില്‍ യുവതി റിമാന്‍ഡിലാണ്.