ജാര്‍ഖണ്ഡില്‍ ഇഡി റെയ്ഡ്; മന്ത്രിയുടെ സഹായിയുടെ വീട്ടില്‍നിന്ന് 25 കോടി രൂപ പിടിച്ചെടുത്തു
Monday, May 6, 2024 11:41 AM IST
റാഞ്ചി: ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലമിന്റെ സഹായിയുടെ വീട്ടില്‍ നടന്ന ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
റാഞ്ചിയില്‍ ഒമ്പത് സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം പരിശോധന നടത്തിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലായിരുന്നു റെയ്ഡ്. കേസില്‍ ജാര്‍ഖണ്ഡ് ഗ്രാമ വികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര റാമിനെ ഇഡി 2023 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡി പരിശോധന നടത്തിയത്.
ഇതിനിടെയാണ് മന്ത്രിയുടെ സഹായിയുടെ വീട്ടിലെ പരിശോധനയില്‍ പണം കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് ഇതെന്ന് ബിജെപി ആരോപിച്ചു.