മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
Saturday, May 4, 2024 10:43 PM IST
കോല്‍ക്കത്ത: ഐഎസ്എൽ കലാശപ്പോരാട്ടത്തിൽ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി ജേതാക്കൾ. ബഗാന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് മുംബൈ കിരീടമുയര്‍ത്തിയത്.
ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിംഗ് (81), ജാക്കൂബ് വോജുസ് (97) എന്നിവരാണു ഗോളുകൾ നേടിയത്. 44-ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാനായി ഗോളടിച്ചത്.
മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. 2020 -21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം. രണ്ടു തവണ മുംബൈ ലീഗ് ജേതാക്കൾക്കുള്ള ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്. ലീഗ് ഘട്ടത്തില്‍ ബഗാനോട് തോറ്റ് ഐഎസ്എല്‍ ഷീല്‍ഡ് നഷ്ടമായതിന് പകരംവീട്ടാനും മുംബൈക്കായി.