അരളിപ്പൂവിന് തത്ക്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോര്‍ഡ്
Saturday, May 4, 2024 3:33 PM IST
തിരുവനന്തപുരം: അരളിപ്പൂവിന് പൂജാകാര്യങ്ങളില്‍ തത്ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതികരിച്ചു.
ആലപ്പുഴയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചത് അരളിപ്പൂവ് കഴിച്ചതിനെ തുടര്‍ന്നാണെന്ന് സംശയമുണര്ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. പൂവില്‍ വിഷാംശമുണ്ടെന്ന് ആധികാരികമായ നിര്‍ദേശം ലഭിച്ചിട്ടില്ല. സര്‍ക്കാരോ ആരോഗ്യവകുപ്പോ ഇക്കാര്യം അറിയിച്ചിട്ടില്ല.
വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അപകടകരമെങ്കില്‍ പൂവ് ഒഴിവാക്കും. പൂജയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ബദല്‍ മാര്‍ഗം തന്ത്രിമാരുമായി ആലോചിക്കേണ്ടിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് അരളിപ്പൂവ് നുള്ളി വായിലിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം അരളിപ്പൂവാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.